വിജയ്സൂപ്പറും പൗർണ്ണമിയും പിന്നെ ജിസ് ജോയിയും

വിജയ്സൂപ്പറും പൗർണ്ണമിയും പിന്നെ ജിസ് ജോയിയും

PHOTO-2019-01-11-00-29-58

ബഹുമുഖപ്രതിഭയായ ഒരു യുവ സംവിധായകൻ . തൊട്ടതെല്ലാം പൊന്നാക്കിയ , വേറിട്ട വഴികളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ അതുല്യ പ്രതിഭ . ഇദ്ദേഹം  കൈവയ്ക്കാത്ത മേഖലകൾ ചുരുക്കമെന്നുതന്നെ പറയാം . പരസ്യചിത്ര സംവിധായകൻ , സിനിമ സംവിധായകൻ , തിരക്കഥാകൃത്ത് , ഡബ്ബിങ് ആർട്ടിസ്റ്റ് വിശേഷണങ്ങൾ  ഏറെയാണ് ഇദ്ദേഹത്തിന് .. തിയ്യേറ്ററുകൾ നിറഞ്ഞോടിക്കൊണ്ടിരിക്കുന്ന വിജയ്‌സൂപ്പറും പൗർണ്ണമിയും എന്ന സിനിമയുടെ സംവിധായകൻ ശ്രീ .ജിസ് ജോയിയുമായി യുണീക് ടൈംസ് സബ് എഡിറ്റർ ഷീജ .സി.എസ് . നടത്തിയ അഭിമുഖം .

1 . പരസ്യചിത്ര സംവിധാനരംഗത്തേക്ക് കടന്നു വരാനുണ്ടായ സാഹചര്യം വിശദീകരിക്കാമോ ?

ഞാൻ ആദ്യമായി സംവിധാനം ചെയ്ത പരസ്യം തൊടുപുഴയിലുള്ള ഇ എ പി ഗോൾഡ് എന്ന ജൂവലറിക്ക് വേണ്ടിയാണ്. 2002 – 2003 കാലഘട്ടത്തിലായിരുന്നു അത് .  എന്റെ ഒരു സുഹൃത്താണ് ആ അവസരം കൊണ്ടുവന്നത് . ഞങ്ങൾ മൂന്ന് സുഹൃത്തുക്കൾ ചേർന്നാണ് പരസ്യചിത്രസംവിധാനം തുടങ്ങിയത് .   ദിനേശ് പ്രഭാകർ ,സിജോയ് വർഗീസ് എന്നിവരായിരുന്നു എൻറെ പങ്കാളികൾ . ഇവർ രണ്ടുപേരും ഇപ്പോൾ സിനിമയിൽ പോപ്പുലറാണ് .  .രണ്ടാമത്തത് ക്യാൻഡിമാൻ സ്കൂൾ ബാഗിന്റെതായിരുന്നു . പിന്നീടങ്ങോട്ട് നിറപറ , ജയരാജ് ബിൽഡേഴ്സ് തുടങ്ങി ഒട്ടനവധിപരസ്യങ്ങൾ സംവിധാനം ചെയ്തു . ഞാൻ ഒറ്റയ്ക്ക് സംവിധാനം ചെയ്യാൻ തുടങ്ങിയതിന് ശേഷം അഞ്ഞൂറോളം പരസ്യങ്ങൾ ചെയ്തിട്ടുണ്ട്. 60 സെക്കൻഡ് കൊണ്ട് പരസ്യം ചെയ്യുക എന്നതിൽ നിന്നും 20 സെക്കന്റ് കൊണ്ട് ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തി വിറ്റഴിക്കാൻ കഴിയുന്ന ഒരു രീതിയിൽ ഞാൻ ആകൃഷ്ടനായിരുന്നു  . പിന്നെ ഓരോരുത്തർക്കും ഒരു ഉൾവിളിയുണ്ട്,നമ്മൾ എത്തിപ്പെടേണ്ട ഇടത്തേക്കുള്ള വിളി . എന്തുകൊണ്ട് എനിക്ക് ബേക്കറിപോലുള്ള സംരംഭങ്ങൾ തുടങ്ങാൻ തോന്നാത്തത് ?   ആ  ഉൾവിളി തന്നെയാണ് എന്നെയും ഈ മേഖലയിലെത്തിച്ചത്

2 . സിനിമ മേഖല പ്രതിസന്ധിയിലായിരുന്ന സമയത്താണ് വേറിട്ട പരീക്ഷണവുമായി താങ്കൾ ബിഗ്സ്ക്രീനിൽ എത്തിയതും വിജയിച്ചതും . ആ ഉദ്യമം താങ്കൾക്ക് വെല്ലുവിളിയായിരുന്നോ ?

തീർച്ചയായിട്ടും . ഓരോ സിനിമയും ഓരോ വെല്ലുവിളികളാണ് .”സൺ‌ഡേ ഹോളിഡേ” എന്ന സിനിമ റിലീസ് ചെയ്യുന്നത് , സിനിമ മേഖല ശക്തമായ പ്രതിസന്ധിയിലായിരിക്കുമ്പോഴാണ് . അത് ഒരു സിനിമ റിലീസ് ചെയ്യാൻ പാടില്ലാത്തവിധത്തിൽ സിനിമ മേഖല പ്രശ്നങ്ങളിൽപ്പെട്ടിരുന്ന കാലഘട്ടമായിരുന്നു . ഞാൻ ഉറച്ചു വിശ്വസിക്കുന്ന ഒരു കാര്യമുണ്ട് .നല്ലതിന്  നേരെ മലയാളികൾ ഒരിക്കലും മുഖം തിരിക്കില്ല എന്നത് .  ഒരു നല്ല സിനിമ എപ്പോൾ റിലീസ് ചെയ്താലും സഹൃദയരായ മലയാളികൾ ഒരിക്കലും അതിനെ തിരസ്കരിക്കില്ല . ഒരു സിനിമയുടെ ഉള്ളടക്കം ശക്തമാണെങ്കിൽ അത് പ്രേക്ഷകന് ആസ്വാദ്യമാകുന്ന രീതിയിൽ വെള്ളിത്തിരയിലെത്തിച്ചാൽ ഉറപ്പായും പ്രേക്ഷകർ അത് ഇരുകയ്യും നീട്ടി സ്വീകരിക്കും എന്നതിൽ തർക്കമില്ല.

 

 

3 .ഗാന രചയിതാവായ ജിസിനെയാണോ സംവിധായകനായ ജിസിനെയാണോ പ്രേക്ഷകർക്ക് കൂടുതൽ സ്വീകാര്യം എന്ന്  താങ്കൾ കരുതുന്നത് ?

ഞാൻ പത്തോളം പാട്ടുകളേ  സിനിമയ്ക്ക് വേണ്ടി എഴുതിയിട്ടുള്ളു . അത് എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട പാട്ടുകളാണ് . സിനിമ സംവിധായകൻ എന്ന നിലയിലാണ് ഞാൻ അറിയപ്പെട്ട് തുടങ്ങിയത് . കഴിഞ്ഞവർഷം  മഴവിൽ മനോരമയും റേഡിയോ മംഗോയും സംയുക്തമായി  തിരഞ്ഞെടുത്ത ഏറ്റവും മികച്ച ഗാനത്തിനുള്ള സോങ് ഓഫ് ദി ഇയർ അവാർഡ് “എന്റെ മഴ പാടും കുളിരായി വന്നതരോ ഇവളോ” എന്ന ഗാനത്തിനായിരുന്നു . തീർച്ചയായും ഞാൻ കരുതുന്നത്  സംവിധായകനായ ജിസ്സ് ആണ് പ്രേക്ഷകർക്ക് കൂടുതൽ സ്വീകാര്യം എന്നതാണ്

  1. പരസ്പരബന്ധമില്ലാത്ത വരികൾ, പുതുപുത്തൻ വാക്കുകൾ , യുവതലമുറയ്ക്ക് ഹരമായി മാറിയ പുതിയ ഗാനതരംഗത്തെക്കുറിച്ച് വിശദീകരിക്കാമോ ?

ഒന്നര വർഷം മുൻപ് റിലീസ് ആയ സൺ‌ഡേ ഹോളിഡേ എന്ന സിനിമയിലാണ് ” കണ്ടോ നിന്റെ കണ്ണിൽ പ്രചണ്ഡനം ” എന്ന പാട്ട്   ഉൾപ്പെടുത്തിയിരിക്കുന്നത്  . ആ സിനിമയിൽ ആ പാട്ടിന്റെ മുഹൂർത്തം അങ്ങനെയായിരുന്നു . മദ്യപിക്കുന്ന ഒരാൾ ബാറിൽ പാടുന്ന പാട്ടാണ് അത് .അതിന് പ്രത്യേക അർത്ഥം ഉണ്ടാകണമെന്നില്ല , എവിടേയോ കേട്ട് മറന്ന വരികൾപോലത്തെ ഫീൽ ഉണ്ടാകണമെന്നേയുണ്ടായിരുന്നുള്ളു . എൻറെ സിനിമകളിൽ  ഓരോ സീനുകളും ഓരോ പാട്ടുകളും എല്ലാം ശ്രദ്ധയോടെ ചെറിയകാര്യങ്ങൾ കൂടെ പരിഗണിച്ച് തന്ത്രപരമായിട്ട് പ്ലാനിങ്ങോടെയാണ്   ചെയ്യുന്നത് . എന്തെങ്കിലും വ്യത്യസ്തമായി ചെയ്യുമ്പോഴല്ലേ ശ്രദ്ധിക്കപ്പെടുന്നത് . അതുകൊണ്ടാണല്ലോ ഷീജ ഇപ്പോൾ എന്നോട് ഈ ചോദ്യം ചോദിക്കാനിടയായതും.

IMG_7094

5 . തൊട്ടതെല്ലാം പൊന്നാക്കുന്ന സംവിധായകൻ എന്ന്  ഞാൻ താങ്കളെ വിശേഷിപ്പിച്ചാൽ എന്തായിരിക്കും താങ്കളുടെ പ്രതികരണം ?

കേൾക്കാൻ വളരെ സുഖമുള്ള ഒരു കാര്യമാണ് “തൊട്ടതെല്ലാം പൊന്നാക്കുന്ന സംവിധായകൻ ” എന്ന വാചകം. ഞാൻ മൂന്ന്  സിനിമകളാണ് ചെയ്തിട്ടുള്ളത് . ദൈവകൃപയാൽ ആ സിനിമകളൊക്കെ ശ്രദ്ധിക്കപ്പെട്ടു .നിരവധിപേർ എന്നെ വിളിച്ച് അഭിനന്ദിക്കുന്നുമുണ്ട് . എന്നിരുന്നാലും എൻറെ കാലുകൾ ഇപ്പോഴും മണ്ണിൽ തന്നെയാണ് . വിജയത്തിൽ ലഹരിപിടിച്ചിരിക്കുന്ന ഒരാളല്ല ഞാൻ . ജീവിതത്തിൽ എല്ലാ കഷ്ടപ്പാടുകളും അനുഭവിച്ചു വന്ന ഒരാളായതുകൊണ്ട് വിജയങ്ങൾ എന്നെ മദോന്മത്തനാക്കില്ല . വിജയങ്ങൾ ഇപ്പോഴും പുതിയ പുതിയ ഉത്തരവാദിത്വങ്ങളാണ് നമ്മൾക്ക് നൽകുന്നത് . നമ്മളിൽ നിന്നും പ്രേക്ഷകർ കൂടുതൽ നല്ല സിനിമകൾ പ്രതീക്ഷിക്കുന്നുണ്ട് എന്നൊക്കെയുള്ളവ . അടുത്തത് എങ്ങനെ കൂടുതൽ നന്നാക്കാം എന്നുള്ള ഒരു ആലോചനയുണ്ടാകും .ഒരിക്കലും ടെൻഷൻ അടിക്കാറില്ല . തിരക്കഥ രചനയും സംവിധാനവും വളരെ സന്തോഷത്തോടെ ശാന്തമായി ചെയ്യേണ്ട ഒന്നാണെന്നാണ് ഞാൻ വിശ്വസിക്കുന്നത് .ഞാൻ കറകളഞ്ഞ ഒരു ഈശ്വര വിശ്വാസിയാണ് . കഴിഞ്ഞ മൂന്ന് സിനിമകളിലും ജിസ് ജോയ് എന്ന വ്യക്തിയുടെ പങ്ക് എത്രത്തോളമുണ്ടോ അത്രത്തോളം എന്നെ പ്രാപ്തനാക്കുന്ന ഒരു യൂണിവേഴ്സൽ സ്പിരിറ്റ് ഉണ്ടെന്ന് ശക്തമായും വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അടുത്ത സിനിമ എഴുതാനിരിക്കുമ്പോൾ ആ ശക്തി എന്ന സഹായിക്കുമെന്ന് ഉറച്ചുവിശ്വസിക്കുന്നു .

6 . സൗഹൃദങ്ങൾക്ക് വലിയ വിലകൽപ്പിക്കുന്ന ഒരാളാണ് താങ്കൾ എന്ന് കേട്ടിട്ടുണ്ട് . നടൻ ജയസൂര്യ , ആസിഫ് അലി എന്നിവരുമായിട്ടുള്ള  ബന്ധത്തെക്കുറിച്ച് വിശദീകരിക്കാമോ ?

ജയസൂര്യയാണ് എന്നെ ആദ്യമായിട്ട് ഡബ്ബിങ് ആർട്ടിസ്റ്റ് ആക്കുന്നത് .ജയസൂര്യ ഡബ്ബിങ് ആര്ടിസ്റ്റ്  ആയിരുന്നു . ഞങ്ങൾ വളരെ നല്ല സുഹൃത്തുക്കളാണ് . അവൻ ആ പ്രൊഫഷൻ നിർത്തുന്ന സമയത്താണ് എന്നെകൊണ്ട് വന്നത് . 19 വർഷങ്ങളായുള്ള സൗഹൃദമാണ് ജയസൂര്യയുമായിട്ട് . അതുപോലെതന്നെയാണ് ആസിഫ് അലിയും . എന്റെ ആദ്യത്തെ സിനിമയുടെ കഥ അദ്ദേഹത്തോട് പറയുമ്പോൾ എന്നെ ഏറ്റവും എളുപ്പത്തിൽ കൃത്യമായി മനസിലാക്കിയ നടനാണ് അദ്ദേഹം . അദ്ദേഹത്തോടുള്ള കടപ്പാട് ജീവിതത്തിൽ മറക്കില്ല . അന്ന്  അദ്ദേഹം അതിന് യെസ് പറഞ്ഞിട്ടില്ലായിരുന്നെങ്കിൽ ജീവിതത്തിലിന്നോളം ഞാൻ ഒരു സിനിമ ചെയ്യുകയുണ്ടാകില്ല . ജീവിതത്തിൽ ഓരോന്നും സംഭവിക്കുന്നത് ഓരൊരു നിമിത്തങ്ങളിലൂടെയാണ് . ആ നിമിത്തങ്ങൾ നമ്മുടെ പ്രാർത്ഥനയുടെയും കഠിനാധ്വാനത്തിന്റെയും ,ഗുരുത്വത്തിന്റെയും ഫലമായിട്ടാണെന്ന് ഞാൻ കരുതുന്നു . സൗഹൃദങ്ങൾക്ക് എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വിലകൽപ്പിക്കുന്നുണ്ട് . അതുകൊണ്ടുതന്നെ എൻറെ  എല്ലാ സിനിമകളിലും സൗഹൃദങ്ങൾ കുടുംബബന്ധങ്ങളെപ്പോലെ മുഴച്ചുനിൽക്കുന്നത് കാണാം.

  1. വിജയ് സൂപ്പറും പൗർണ്ണമിയും തിയേറ്ററുകൾ നിറഞ്ഞോടുകയാണല്ലോ .അതിൻറെ അനുഭവങ്ങൾ വായനക്കാരുമായി പങ്കുവയ്ക്കാമോ ?

നമ്മൾ എഴുതിയുണ്ടാക്കിയ ഒരു സൃഷ്ട്ടി  പ്രേക്ഷകർ സ്വീകരിക്കുമ്പോൾ  , അത് ജീവിതത്തിലേറ്റവും സന്തോഷകരമായ അവസ്ഥതന്നെയാണ് . ഒരു മുറിയിൽ ഒറ്റയ്ക്കിരുന്ന് ഒരു ചെറിയ ടേബിൾ ലാംബിന്റെ വെളിച്ചത്തിൽ രാപകലില്ലാതെ എഴുതുന്ന ശരിയും തെറ്റുകളുമൊക്കെ തിയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലെത്തുമ്പോൾ , അവർ  അത് കണ്ട് സന്തോഷിക്കുമ്പോൾ, കണ്ണുതുടയ്ക്കുമ്പോൾ , ഒരു പാട്ട് ആസ്വദിക്കുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷമാണ് . ആ അനുഭവം വിവരിക്കാൻ കഴിയില്ല . നമ്മുടെ പ്രയത്നങ്ങൾക്ക് അതർഹിക്കുന്ന പരിഗണകിട്ടുമ്പോൾ ഉണ്ടാകുന്ന അനുഭവം അതൊന്നിനോടും തുലനംചെയ്യാൻ പറ്റുന്നതല്ല . ഞാനും ആസിഫും ഐശ്വര്യയുമൊക്കെയായി പലതീയറ്ററുകളിലും പോയിരുന്നു . പല പ്രായത്തിലുള്ള പ്രേക്ഷകർ  കുടുംബസമേതം സിനിമ കാണാൻ വരുന്നത് കാണുമ്പൊൾ ഭയങ്കര സന്തോഷമാണ് . ഈ  സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചവരിൽ വിശ്വാസമുള്ളതുകൊണ്ടാണല്ലോ അവർ ധൈര്യസമേതം വരുന്നത് . ഞങ്ങൾക്ക് പ്രമോഷൻ വളരെ കുറവായിരുന്നു . ടെലിവിഷൻ പബ്ലിസിറ്റിയും ഇല്ലായിരുന്നു . മൗത്ത് പബ്ലിസിറ്റിയായിരുന്നു വിജയ് സൂപ്പറിന്റെ പരസ്യമാധ്യമം . ജനുവരി 11 .ന് വൈകുന്നേരത്തെ ഷോ മുതൽ തിയേറ്ററുകൾ ഫുൾ ആകാൻ തുടങ്ങി. ആദ്യ ഷോ കണ്ടിറങ്ങിയവർ സോഷ്യൽ മീഡിയകളിലൂടെയും നേരിട്ടും നല്ല പബ്ലിസിറ്റി കൊടുക്കുകയായിരുന്നു . മൗത്ത് പബ്ലിസിറ്റി അത്രയേറെ സിനിമയ്ക്ക് ഗുണം ചെയ്യുന്ന സംഗതിയാണ്.

  1. കുട്ടിക്കാലവും വിദ്യാഭാസ കാലഘട്ടവും വായനക്കാരുമായി പങ്കുവയ്ക്കാമോ ?

പഠിക്കാൻ വളരെ പിറകിലായിരുന്നു . മേരിമാതാ തൃക്കാക്കര , എറണാകുളം നോർത്തിലുള്ള സെയിന്റ് അഗസ്റ്റിൻ സ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം . സെയിന്റ് അഗസ്റ്റിൻ സ്കൂളിലെ വിദ്യാഭ്യാസകാലഘട്ടമാണ് എന്നിലെ കലാവാസന വളർത്താൻ സഹായിച്ചത് . മിമിക്രി , മോണോആക്ട് , നാടകം തുടങ്ങി എല്ലാത്തിലും മത്സരിക്കുമായിരുന്നു . അധ്യാപകരുടെ പ്രിയപ്പെട്ട കുട്ടിയായിരുന്നു . ഡിഗ്രിക്ക് പഠിക്കുന്ന കാലഘട്ടത്തിലാണ് വിദ്യാഭ്യാസത്തിന് ജീവിതത്തിൽ പ്രാധാന്യമുണ്ടെന്ന് മനസിലാകുന്നത് .

  1. താങ്കളുടെ കുടുംബത്തെക്കുറിച്ച് ?

അപ്പച്ചൻ , അമ്മ, ഭാര്യ നൈജി , ഞങ്ങൾക്ക്  രണ്ട് മക്കളാണ് , മൂത്തയാൾ യോഹാൻ രണ്ടാംക്ലാസ്സിൽ  പഠിക്കുന്നു . മകൾ നിത്താര പ്ലേസ്കൂളിൽ പഠിക്കുന്നു . . ഒരു അനുജത്തിയുണ്ട് ജിയ , വിവാഹിതയാണ് .ഇതാണ് എന്റെ ചെറിയ കുടുംബം.

  1. ഈ മേഖലയിലേക്ക് വന്നില്ലായിരുന്നു എങ്കിൽ എന്തായിത്തീരാനായിരുന്നു താങ്കൾ ആഗ്രഹിച്ചിരുന്നത്?

2001 മുതൽ ഞാൻ ഡബ്ബ് ചെയ്യുന്നുണ്ടായിരുന്നു . ഒന്നിലല്ലെങ്കിൽ മറ്റൊന്നിലായിട്ട് ഞാൻ സിനിമ മേഖലയിലുണ്ടായിരുന്നു . സംവിധായകൻ ആയിരുന്നില്ല എന്നെ ഉള്ളു . എൻറെ ഒത്തിരി ബന്ധുക്കൾ വിവിധ വിദേശരാജ്യങ്ങളിലുണ്ട് . സത്യസന്ധമായി പറയുകയാണെങ്കിൽ  ഒരു എൻ ആർ ഐ ആയി  ഏതെങ്കിലും  വിദേശരാജ്യത്ത് ജീവിച്ചിരുന്നേനെ . അതാണ് സംഭവിക്കാൻ സാധ്യതയുള്ളതും .

  1. പരസ്യചിത്ര നിർമ്മാണ രംഗത്തുനിന്നുള്ള നേട്ടങ്ങൾ എന്തൊക്കെയാണ് ?

തീർച്ചയായും നേട്ടങ്ങൾ തന്നെയാണ് ഉണ്ടായിട്ടുള്ളത് . വളരെ പ്രശസ്തരായ ക്യാമറാമാന്മാരെ വച്ച് പരസ്യം സംവിധാനം ചെയ്യാൻ സാധിച്ചു .തിരുനാവക്കരശ്  ,ലോകനാഥൻ , മണികണ്ഠൻ ,ആർ .ഡി. രാജശേഖർ ,രവി വർമ്മൻ, തുടങ്ങി ഒട്ടേറേ പേരുമായുള്ള സൗഹൃദം പിന്നെ പ്രസ്തരായ മ്യൂസിക് ഡയറക്റ്റേഴ്സ് , പാട്ടുകാർ എന്നിവരുമായുള്ള സൗഹൃദവും ഈ പരസ്യമേഖലയിൽ നിന്നും കിട്ടിയിട്ടുള്ളതാണ് . പിന്നെ സംവിധാനരംഗത്തേക്ക് കടന്നുവരാനുള്ള പ്രചോദനവും പരസ്യചിത്രരംഗത്തുനിന്നും ലഭിച്ചതാണ്. ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻറെ    ( അയാം )  എക്സിക്യൂട്ടീവ് മെമ്പറാണ് ഞാൻ . ഇന്ത്യയിലെ പരസ്യചിതികരണമേഖലയിലെ ഓരോ സ്പന്ദനവും ഞങ്ങളുടെ ശ്രദ്ധയിലുണ്ട് .വളരെ സജീവമായ സംഘടനയാണത് . ജീവിതത്തിലൊരിക്കലും ഈ മേഖല കൈവിടില്ല ഞാൻ.  എന്നും ഇതിനോടൊപ്പം തന്നെ ഞാനുണ്ടാകും .

 

 

 

 

 

 

 

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.