ആർത്തവ വിരാമം – പ്രശ്നങ്ങളും പരിഹാരങ്ങളും

ആർത്തവ വിരാമം – പ്രശ്നങ്ങളും പരിഹാരങ്ങളും

സ്ത്രീകളുടെ ജീവിതത്തിലെ ഒരു സുപ്രധാന കാലമാണ് ആർത്തവവിരാമം . ആയുർവേദ വൈദ്യശാസ്ത്രത്തിൽ ഈ  അവസ്ഥയെ ‘രജോനിവൃത്തി’ എന്നു  പറയുന്നു . ശാരീരികവും മാനസികവുമായ പല വ്യതിയാനങ്ങളും ഇതിനോട് അനുബന്ധിച്ച് ഉണ്ടാകുന്നു . സ്ത്രീകളുടെ പ്രത്യുൽപാദനകാലത്തി ൻ്റെ അവസാനത്തിൽ അണ്ഡാശയങ്ങളുടെ പ്രവർത്തനം കുറയുകയും അണ്ഡോൽപ്പാദനം നിൽക്കുകയും തൽഫലമായി ശരീരത്തിലെ ഹോർമോണുകളുടെ, പ്രത്യേകിച്ച് Oestrogen ഹോർമോണിന്റെ, അളവ് കുറയുന്നത് മുമ്പ് സൂചിപ്പിച്ച ശാരീരികവും മാനസികവുമായ മാറ്റങ്ങളിലേക്ക് നയിക്കുന്നു . ഗര്‍ഭകാലത്തോ കുഞ്ഞിനെ മുലയൂട്ടുമ്പോഴോ അല്ലാതെ മറ്റ് കാരണങ്ങൾ കൂടാതെ ഏകദേശം 12 മാസക്കാലം തുടർച്ചയായി ആർത്തവം ഇല്ലാതിരിക്കുന്നുവെങ്കിൽ അതിനെ ആർത്തവ വിരാമമായി കണക്കാക്കാം. ആർത്തവ വിരാമത്തിന്റെ പ്രായം 45 – 55 വയസ്സ് വരെയാണ് (ശരാശരി 50 വയസ്സ്). എന്നാൽ ഇതിനോടനുബന്ധിച്ചുണ്ടാകുന്ന  ലക്ഷ്ണങ്ങൾ മിക്കാവാറും 40 വയസ്സിനു ശേഷം തന്നെ കാണപ്പെടുന്നു .  (Perimenopause).

മെലിഞ്ഞ ശരീരപ്രകൃതി, പോഷകാഹാരകുറവ്, താഴ്ന്ന  സാമൂഹിക സാമ്പത്തികസ്ഥിതി, ജീവിതശൈലിയിൽ വന്ന  മാറ്റങ്ങൾ, തൈറോയിഡ് രോഗങ്ങൾ, പ്രമേഹം എന്നിവയും പുകവലി, കാപ്പി മുതലായവയുടെ അമിത ഉപയോഗവും, സ്ത്രീകളിൽ ആർത്തവ വിരാമം നേരത്തെ ആവാൻ (Early menopause) കാരണമാകുന്നു . അണ്ഡാശയത്തിൽ നടത്തുന്ന ശസ്ത്രക്രിയ (Bilateral Oophorectomy), അർബദബാധയെ തുടര്‍ന്നുള്ള റേഡിയേഷന്‍ തെറാപ്പി എന്നിവ മൂലവും വളരെ നേരത്തെയുള്ള പ്രായത്തിൽ ഈ അവസ്ഥ ഉണ്ടാക്കുു. ആർത്തവവിരാമത്തോടനുബന്ധിച്ചുണ്ടാകുന്ന വ്യതിയാനങ്ങൾ ചില സ്ത്രീകളിൽ വളരെ തീവ്രമായും മറ്റു ചിലരിൽ ലഘുവായും പ്രകടമാകുന്നു .

രണ്ട് ആർത്തവ ചക്രം തമ്മിൽ കാലയളവ് കൂടിയിരിക്കുക, മാസത്തിൽ ഒന്നിലധികം ആർത്തവ ഉണ്ടാവുക, അമിതമായ രക്തസ്രാവം അല്ലെങ്കിൽ ആർത്തവത്തിന്റെ അളവ് കുറഞ്ഞിരിക്കുക എന്നി  ക്രമക്കേടുകളിൽ ഏതെങ്കിലും ആർത്തവവിരാമത്തോടനുബന്ധിച്ച് ഉണ്ടാകുന്നു . ഈ കാലത്തുണ്ടാകുന്ന  അമിത രക്തസ്രാവം മൂന്നോ നാലോ മാസത്തിൽ കൂടുതൽ നിലനില്‍ക്കുന്നുണ്ടെങ്കിൽ കൃത്യമായ പരിശോധന നടത്തി അണ്ഡാശയത്തിലോ ഗര്‍ഭാശയത്തിലോ മുഴകള്‍, വീക്കം, അര്‍ബുദം എന്നിവ ഇല്ലെന്ന്  ഉറപ്പുവരുത്തേണ്ടതാണ്. ആർത്തവ വിരാമകാലത്തിനു ശേഷം വീണ്ടും രക്തസ്രാവം ഉണ്ടാവുകയാണെങ്കിൽ അതിനെ ഗൗരവമായി കണ്ട് ഡോക്ടറുടെ ഉപദേശം തേടണം.

ആർത്തവവിരാമത്തോടനുബന്ധിച്ചുണ്ടാകുന്ന  മറ്റു ലക്ഷണങ്ങൾ

?              ശരീരത്തിൽ പെട്ടെന്ന്  അമിതമായ ചൂട് അനുഭവപ്പെടുക (Hot Flushes) രാത്രി കാലത്ത് അമിതമായ വിയര്‍പ്പ് അതുനിമിത്തം ഉറക്കകുറവ് ഉണ്ടാവുക, ഹൃദയമിടിപ്പ് കൂടുക.

?              യോനി വരണ്ടിരിക്കുക, ചൊറിച്ചില്‍ അനുഭവപ്പെടുക, ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ വേദന ഉണ്ടാവുക, ലൈംഗികതാല്‍പ്പര്യക്കുറവ്.

?              മൂത്രം പെട്ടെന്ന്   പോകണമെന്ന തോന്നൽ, അറിയാതെ പോകുക, ഇടയ്ക്കിടെ അണുബാധ ഉണ്ടാകുക.

?              ത്വക്ക് ചുളിയുകയോ വരണ്ടിരിക്കുകയോ ചെയ്യുക.

?              പെട്ടെന്ന്   മാറുന്ന  മാനസികാവസ്ഥ (വിഷാദം, പരിഭ്രമം, ഉൽക്കണ്ഠ, അകാരണമായി ദേഷ്യം വരുക).

?              ആത്മവിശ്വാസക്കുറവ്, ഓര്‍മ്മക്കുറവ്, അമിതമായ ക്ഷീണം, തളര്‍ച്ച.

?              നടുവേദന, സന്ധിവേദന, എല്ലുകള്‍ക്ക് തേയ്മാനം (Osteoporosis), എല്ലുകള്‍ എളുപ്പത്തില്‍ പൊട്ടുവാനുള്ള സാധ്യത

?              ആര്‍ത്തവ വിരാമത്തിനുശേഷം സ്ത്രീകളില്‍ രക്താതിസമര്‍ദ്ദം, പക്ഷാഘാതം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് സാധ്യത കൂടുതായി കണ്ടുവരുന്നു.

 

പരിഹാരങ്ങള്‍

 

ആര്‍ത്തവ വിരാമത്തെ എല്ലാ സ്ത്രീകളും ഒരു പോലെയല്ല ഉള്‍ക്കൊള്ളുന്നത്. അധികം സ്ത്രീകളും ഈ പരിവര്‍ത്തനകാലത്തെ സ്വാഭാവികമായി തരണം ചെയ്യുമ്പോള്‍ മറ്റ് ചിലര്‍ക്ക് കൗൺസലിംഗ്, ചികിത്സ തുടങ്ങിയവ ആവശ്യമായി വരുന്നു . ചിട്ടയായ ആഹാരജീവിതശൈലിയിലൂടെ ഈ അവസ്ഥയിലുണ്ടാകുന്ന  പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാം.

?              Phytoestrogen  ധാരാളം അടങ്ങിയ സോയാബീന്‍, ചേന, ചേമ്പ്, കാരറ്റ്, മാതളം, ആപ്പിള്‍, തണ്ണിമത്തന്‍ എന്നിവ ആഹാരത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക.

?              ദിവസേന 8 ഗ്ലാസ്സില്‍ കുറയാതെ വെള്ളം കുടിക്കുക. ബാര്‍ലി, നറുനീണ്ടി, രാമച്ചം, കൊത്തമല്ലി ഇവയിലേതെങ്കിലും ചേര്‍ത്ത് തിളപ്പിച്ച വെള്ളം ഉപയോഗിക്കുന്നത് ഫലപ്രദമാണ്.

?              പാട നീക്കിയപാല്‍, മുട്ട , ഇലക്കറികള്‍, പച്ചക്കറികള്‍, പഴങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവ ധാരാളമായി കഴിക്കുക.

?              ആഹാരത്തില്‍ എരിവ്, പുളി, ഉപ്പ് എന്നിവ കുറക്കുക.

?              മദ്യം, പുകവലി, ചായ, കാപ്പി, സോഫ്റ്റ് ഡ്രിങ്ക്‌സ് എന്നിവ ഒഴിവാക്കുക.

?              കിടക്കുതിനു മുമ്പ് ഇളം ചൂടുള്ള പാല്‍ കുടിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും.

?              ദിവസേന മിതമായ വ്യായാമം, യോഗ, പ്രാണായാമം എന്നിവ ശീലിക്കുക.

ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള കൃത്യമായ ഔഷധസേവയോടൊപ്പം യുക്തമായ തൈലം തേച്ച് ദിവസേന ഇളം ചൂടുവെള്ളത്തില്‍ കുളിക്കുക. അവസ്ഥയ്ക്കനുസരിച്ച് ഇരട്ടിമധുരം, ശതാവരിക്കിഴങ്ങ്, അശ്വഗന്ധം മുതലായവയുടെ ചൂര്‍ണ്ണം പാലില്‍ സേവിക്കുക, ശിരോധാര, തക്രധാരം, പിഴിച്ചില്‍, ഞവരക്കിഴി എന്നിവയും മേധ്യ രസായനങ്ങളുടെ ഉപയോഗവും ഈ അവസ്ഥയില്‍ വളരെയേറെ ഫലപ്രദമാണ്.

ആയുര്‍വേദ വൈദ്യശാസ്ത്രത്തില്‍ ആര്‍ത്തവ വിരാമത്തോടമനുബന്ധിച്ചുണ്ടാകുന്ന  പ്രശ്‌നങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാണ്. ഈ അവസ്ഥയിലെ ലക്ഷണങ്ങള്‍ക്കനുസരിച്ചും വ്യക്തിയുടെ ശരീരപ്രകതിക്കനുസരിച്ചും യുക്തമായ ഔഷധ സേവയിലൂടെയും ആഹാരവിഹാര ക്രമീകരണത്തിലൂടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാം.

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.